“തന്നിഷ്ടത്തിന് ജീവിക്കാനാണെങ്കിൽ വേറെ സ്ഥലം നോക്കിക്കോണം ഇവിടെ പറ്റില്ല ഇവിടെ ഞാനും എന്റെ കുടുംബവും സ്വന്ഥമായി താമസിക്കുന്ന വീടാണ്. ഞങ്ങൾക്കൊന്ന് സ്വസ്ഥമായി ഉറങ്ങണം”
. കാതിൽ ഈയം ഉരുക്കിയൊഴിച്ചതുപോലെയുള്ള വാക്കുകൾ
കേട്ടത് വിശ്വസിക്കാനാവാതെ വീണ്ടും കാതോർത്തു.
സ്വപ്നമല്ല സത്യം തന്നെ
എന്ത് കേൾക്കരുതെന്ന് ആഗ്രഹിച്ചോ അത് കേട്ടിരിക്കുന്നു.
താനിന്നലെ രാത്രി പഴയകാല സുഹൃത്തിനോട് പതിവിൽ കവിഞ്ഞ് രാത്രി ഫോണിൽ സംസാരിച്ചതാണ് പ്രശ്നം. സംസാരിക്കുന്നതിന്റെ ശബ്ദവും ഹാളിലെ വെളിച്ചവും കൊണ്ട് അനന്തുവിന്റെ കുടുംബത്തിന്റെ ഉറക്കം തടസപ്പെട്ടത്രേ.
കോളേജ് കാലം മുതൽ മനസ്സിനോടടുത്ത സുഹൃത്ത്, വളരെ അപൂർവ്വമായി മാത്രം തന്റെ വിഷമം പുറത്തു കാണിക്കുന്ന സുഹൃത്ത്. തന്റെ വിഷമം പങ്കുവെക്കാനും ഒരു ആശ്വാസം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിൽ പഴയകാല സുഹൃത്തിനെ വിളിക്കുന്നു.
പകൽ മുഴുവൻ Online പരിപാടികളുടെ തിരിക്കായിരുന്നു.
തിരക്കൊഴിഞ്ഞോ എന്ന് ഇടയ്ക്കിടയ്ക്ക് മെസ്സേജ് വരുന്നുണ്ട്. അപ്പോൾ പിന്നെ വിളിക്കാതെ തരമില്ല.
ഒന്ന് ഫ്രീയായപ്പോൾ രാത്രി 10:30 കഴിഞ്ഞു. സംസാരിച്ചുതുടങ്ങിയപ്പോൾ സമയം പോയത്റിഞ്ഞേയില്ല. അടഞ്ഞുകിടന്ന റൂമിനുള്ളിലുള്ളവർക്ക് അത് അലോസരം സൃഷടിക്കുമെന്ന് ഓർത്തതുമില്ല.
അത് തന്റെ തെറ്റ്.
എല്ലാ തെറ്റുകളും സ്വയം ഏറ്റെടുക്കാനുള്ള വ്യഗ്രത സ്വതസിദ്ധമാണ്.
എന്ത് വന്നാലും മറ്റുള്ളവരുടെ തെറ്റുകളേക്കാൾ തന്റെ തെറ്റുകളെ പർവ്വതീകരിച്ച് കേട്ട അധിക്ഷേപങ്ങളിൽ ന്യായം കണ്ടെത്തും ഈയിടയായി അത് അലപം കൂടുകയും ചെയ്തിരിക്കുന്നു
സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുക്കാൻ അനന്തുവിനെ സഹായിക്കുക എന്നതായിരുന്നു ജീവിത ലക്ഷ്യം.
ഓരോ ചെലവുകൾ വരുമ്പോഴും എങ്ങനെയെങ്കിലും ഒക്കെ തിരിച്ചും മറിച്ചും അത് നടത്തിയെടുക്കാൻ അവനേക്കാൾ tension തനിക്കായിരുന്നു. അവന് എന്തിനോടെങ്കിലും അതിയായ ആഗ്രഹം തോന്നിയെന്ന് മനസ്സിലായാൽ അത് നേടി ക്കൊടുക്കുന്നത് ഒരു ഹരം പകരുന്ന സംഭവമായിരുന്നു.
ഇടയ്ക്ക് അച്ചുക്കുട്ടൻ അമ്മുക്കുട്ടിയോട് പറയുന്നത് കേൾക്കാം.
എടീ അമ്മൂ…
അപ്പയുടെ കയ്യിൽ കാശില്ല. എന്നൊക്കെ പറയുന്നത് വെറുതെയാണ്. ആദ്യമൊക്കെ ഞാനിത് വിശ്വസിച്ചിരുന്നു. പക്ഷെ ഇന്നാള് കണ്ടില്ലേ. കാശില്ലേ എന്ന് പറഞ്ഞിരുന്നിട്ട് പിറ്റേ ആഴ്ച അച്ഛന് പുതിയ SUV വണ്ടി കൊടുത്തത്.
അതേ ,അതേ ഓരോ പ്രാവശ്യവും . കിച്ചു ചേട്ടന്റെ ഫീസടയക്കാറാവുമ്പോഴും എന്റെ കയ്യിൽ ഒന്നുമില്ല എന്ന ഒരു പ്രസ്താവനയിറക്കും പക്ഷെ last date ന് മുൻപ് അതെങ്ങനെയും അടച്ചിരിക്കും. അപ്പോൾ പിന്നെ ഈ പറയുന്നതെല്ലാം വിശ്വസിക്കാമോ. കുറച്ച് കള്ളത്തരം ഉണ്ട്.
ശരിയാ
ഇനിയിപ്പോ അടുത്ത മാസത്തെഫീസടയക്കണ്ടേ. അപ്പോഴും വരും പതിവ് പല്ലവി. പക്ഷേ സമയമാവുമ്പോൾ അച്ഛനേക്കാൾ മുന്നേ എങ്ങനെയും അതടച്ചിരിക്കും.
വാതിൽപ്പടിയോളം എത്തിയപ്പോൾ തന്റെ കാതിലലച്ചത് ഈ കുട്ടി വർത്തമാനങ്ങളാണ്. അവസാനത്തെ വരി കേട്ടപ്പോൾ അറിയാതെ കൈ കഴുത്തിലെ നേർത്ത സ്വർണ്ണമാലയിലേക്ക് പോയി. കൈ കൊണ്ട് അത് മുറുകെ പിടിച്ച്കൊണ്ട് മനസ്സിലുറപ്പിച്ചു
അതെ… അതും എങ്ങനെയെങ്കിലും അടയ്ക്കും.
പക്ഷേ ഇതിങ്ങനെ എത്ര നാൾ ?
ഇനി അവശേഷിക്കുന്നത് ആരോഗ്യം നഷ്ടപ്പെട്ടു തുടങ്ങിയ ഈ ശരീരം മാത്രം ഇത്തവണത്തെ അച്ചുക്കുട്ടന്റെ ഫീസും കൂടി കഴിഞ്ഞാൽ അവശേഷിക്കുന്നത് കാതിലെ ഒരു തരി പൊന്ന് മാത്രം
ഓവർ ഡ്രാഫ്റ്റിലും താഴേക്ക് പോയാൽ എന്ത് സംഭവിക്കുമെന്ന കൗതുകത്താൽ തിക്കിത്തിരക്കുകയാണ് അക്കൗണ്ടുകളിലെ അക്കങ്ങൾ.
കൈകളിലെ വളകളുടെ ചിലമ്പൽ നിലച്ചിട്ട് നാളുകളേറെയായി.
സർക്കാർ മുഴുവൻ പൈസയും പ്രോവിഡന്റ് ഫണ്ടിൽ നിന്നും എടുക്കാൻ സമ്മതിക്കാത്തതുകൊണ്ടു മാത്രം കുറച്ചു തുക ആ അക്കൗണ്ടിൽ ബാലൻസ് നിൽക്കുന്നു. 25 വർഷത്തെ സേവനത്തിന്റെ ബാക്കിപത്രം.
ലോണുകൾക്ക് മേൽ ലോണുകൾ. ആലോചിച്ചപ്പോൾ അരുന്ധതിയ്ക്ക് തല പെരുക്കുന്നതുപോലെ തോന്നി.
ഭർത്താവിന്റെ മരണശേഷം താനിവിടെത്തന്നെയായിരുന്നു. അച്ഛൻ മരിച്ചതിന് ശേഷം കുറെക്കാലം കഴിഞ്ഞപ്പോൾ അമ്മയും പോയി. പിന്നെ അനന്തുവും കുടുംബവുമായിരുന്നു തന്റെ ലോകം .
ആ ലോകത്തിൽ നിന്നാണ് ഈ തണുത്ത വെളുപ്പാൻ കാലത്ത് താൻ പടിയിറങ്ങുന്നത്. എങ്ങോട്ടെന്ന് ഒരു രൂപവുമില്ല.
രാത്രികൾ വീണ്ടും ഇരുണ്ടു വെളുത്തു. തണുത്ത വെളുപ്പാൻ കാലങ്ങളിൽ തുഷാര ബിന്ദുക്കൾ നിറഞ്ഞ കാറ്റ് അരുന്ധതിയെ പൊതിഞ്ഞു പിടിച്ചു
“മാഡം… സ്ഥലമെത്തി “
ഓ എത്തിയോ . വളരെ നന്ദി
രാവിലെ കൂലിക്കൊപ്പം ഒരു നന്ദി വാക്കു കൂടി കിട്ടിയ സന്തോഷത്തിൽ ടാക്സി ഡ്രൈവറുടെ മുഖം പ്രകാശിച്ചു
വർഷങ്ങൾക്കു ശേഷം ഒരു വനിതാ കോളജിന്റെ പടി കടക്കുമ്പോൾ മനസ്സിൽ സമ്മിശ്ര വികാരങ്ങൾ ഇരച്ച് കയറി.
കോളേജിന്റെ കവാടം മുതൽ തന്നെ വനിതാ ദിന ആഘോഷങ്ങളുടെ പൊലിമ അറിയാനുണ്ടായിരുന്നു. വനിതകളുടെ പഞ്ചാരിമേളവും താലപ്പൊലിയുമൊക്കെ അണിനിരന്നിരിക്കുന്നു.
തന്നെ ക്കണ്ടതും സംഘാടകരിൽ ചിലർ ഓടിയെത്തി. ഹൃദ്യമായി സ്വീകരിച്ചു. ഒന്ന് fresh ആകാനുള്ള മുറിയിലേക്ക് ആനയിച്ചു.
“മാഡം : Program Start ചെയ്യുന്നതിന് തൊട്ട് മുന്നേ ഞാൻ വന്ന് മാഡത്തെ കൂട്ടിക്കൊണ്ടുപോകാം. കൊച്ചു സുന്ദരി മൊഴിഞ്ഞു. “
Ok. Thankyou
എത്രയോ കാലത്തിന് ശേഷമാണ് സ്വന്തം നാട്ടിൽ,
അരുന്ധതി കതക് തുറന്ന് ബാൽക്കണിയിലേക്കിറങ്ങി നിന്നു .
ചെറു മഴത്തുള്ളികൾ നിറഞ്ഞ ഒരു തണുത്ത കാറ്റ് വന്നവളെ പൊതിഞ്ഞു. കുറച്ചു നേരം അവൾ വേറേതോ ലോകത്തായിരുന്നു
ഉദ്ഘാടനത്തിന് സമയമായി. തിങ്ങി നിറഞ്ഞ സദസ്യർക്കിടയിലൂടെ അരുദ്ധതി തലയുയർത്തിപ്പിടിച്ച് വേദിയിലേക്ക് നടന്നു നീങ്ങി. അണിയറയിൽ നിന്ന് അപ്പോൾ അവതാരകയുടെ മധുരമൊഴി മുഴങ്ങുന്നുണ്ടായിരുന്നു.
” ഈ വർഷത്തെ മികച്ച സംരംഭകയായി തെരഞ്ഞെടുക്കപ്പെട്ട , ” Curry leaf “എന്ന സംരംഭത്തിന്റെ എല്ലാമെല്ലാമായ , നമ്മുടെ മുഖ്യാതിഥി ശ്രീമതി. അരുന്ധതി മേനോൻ ഇതാ നിങ്ങൾക്കിടയിലൂടെ കടന്നു വരുന്നു
.
പറഞ്ഞു തീർന്നതും സദസ് കരഘോഷത്താൽ ഇളകിമറിയുകയായിരുന്നു
തന്റെ വസ്ത്രധാരണവും വ്യക്തിത്വവും കൊണ്ട് പ്രായത്തെ അതിജീവിച്ച അരുന്ധതി ,
Layer Cut ചെയ്ത മുടിയും Perfect makeup ഉം ജീൻസും ഷർട്ടും അവർക്ക് ഒരു മോഡേൺ പരിവേഷം നൽകി.
വനിതാ ദിനം ഗംഭീരമായി തന്നെ ആഘോഷിച്ചു.
അതിനിടയിൽ ഒരു കുസൃതി ചോദ്യം എവിടെ നിന്നോ പറന്നു വന്നു “മാഡം എന്തുകൊണ്ടാണ് മാഡത്തിന്റെ സംരംഭത്തിന് Curry leaf എന്ന പേര് തെരഞ്ഞെടുത്തത് ?
മറുപടി ഒരു ഗൂഢ സ്മിതത്തിലൊതുക്കി അരുന്ധതി നടന്നകന്നു. അന്ന് അവിടെ വിളമ്പിയ കറികൾക്കെല്ലാം ഒരു പ്രത്യേക മണമുണ്ടായിരുന്നു. ഒരു സ്പെഷ്യൽ കറിവേപ്പിലയുടെ …… :
,
















